
കലാകാരനായ കമ്പ്യൂട്ടർ എഞ്ചിനീയർ :വി. പി മിഥുൻ
മുംബൈ അച്ചീവേഴ്സ് പുരസ്കാരം കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശി വി.പി മിഥുൻ ഏറ്റുവാങ്ങി.
മികച്ച ഗായകനുള്ള വിഭാഗത്തിലാണ് മിഥുൻ പുരസ്കാരത്തിന് അർഹനായത്.
മുംബൈ താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വെച്ച് പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അങ്കിത ലോഗ്നെഡിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
രണ്ട് ചാനൽ റിയാലിറ്റി ഷോകളിലെ വിജയങ്ങൾ,
സംസ്ഥാന ദേശീയ കലോത്സവ ഓൺലൈൻ വിധിനിർണയ
സേവനങ്ങൾ,
വിവിധ കലാമേളകളിലെ വിജയങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് മിഥുന് പുരസ്കാരം ലഭിച്ചത്.ഐ ടി രംഗത്ത് ജോലി ചെയ്യുന്ന വ്യക്തി സംഗീതത്തെ എന്നും കൈവിടാതെ കൂടെ കൂട്ടുന്നതും ഒഴിവ് വേളകൾ അതിനായി വിനിയോഗിക്കുന്നതും വളരെ ശ്രെദ്ധേയമാണെന്ന് പുരസ്‌കാര നിർണ്ണയ സമിതി വിലയിരുത്തി.കൈരളി ടിവി 'മാമ്പഴം' റിയാലിറ്റിഷോയിലൂടെ ജനപ്രീതി നേടിയ മിഥുൻ
സിംഗപ്പൂർ 'ഫോക്കസ് മലയാളം' ചാനൽ 'കാവ്യസ്വരം ' റിയാലിറ്റിഷോ സ്പെഷ്യൽ ജൂറി പുരസ്കാര ജേതാവാണ്.
സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി
നാലു തവണ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് ( ഇനം :കഥകളി സംഗീതം ) സംസ്ഥാനതലത്തിൽ വിജയം നേടിയ മിഥുൻ സംസ്ഥാന കേരളോത്സവത്തിലും വിജയിയായിരുന്നു.
സംസ്ഥാന മെഡിക്കൽ കോളേജ് കലോത്സവം, സംസ്ഥാന എൻജിനീയറിങ് കോളേജ് കലോത്സവം,അയർലൻഡ് മലയാളി അസോസിയേഷൻ കലോത്സവം, വിവിധ കലാലയ യൂണിയൻ കലോത്സവങ്ങൾ,മറ്റു കലാമേളകൾ എന്നിവയിൽ കോവിഡ് കാലത്ത് ഓൺലൈനായി സൗജന്യ വിധിനിർണ്ണയം നടത്തിയിട്ടുണ്ട്. സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ ഡയറക്ടർ ആയിരുന്ന കണ്ണാടി ഭാഗവതർ സ്മാരക സംഗീത വിദ്യാലയത്തിൽ നിന്ന് അഞ്ചാം വയസു മുതൽ തുടർച്ചയായി 12 വർഷം ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.
മലയാള കവിതാപാരായണത്തിൽ രണ്ടു തവണ സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ കഥാപ്രസംഗം, മോണോആക്ട്,ശാസ്ത്രീയസംഗീതം, തമിഴ് കവിതാലാപനം,ഓട്ടൻതുള്ളൽ, വയലിൻ (പൗരസ്ത്യം ), മാപ്പിളപ്പാട്ട്, ലളിതഗാനം, സംഘഗാനം, നാടൻപാട്ട് എന്നിവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.തൃശൂർ സ്വദേശിയായ കലാനിലയം ഹരിദാസ് മാസ്റ്ററിൽ നിന്ന് കഥകളിസംഗീതവും പിലാത്തറ ഉണ്ണികൃഷ്ണൻ മാസ്റ്ററിൽ നിന്ന് കഥാപ്രസംഗവും മോണോആക്ടും പയ്യന്നൂർ കൃഷ്ണൻ കുട്ടി മാസ്റ്ററിൽ നിന്ന് ഓട്ടൻതുള്ളലും തൃക്കരിപ്പൂർ ദാമോദരൻ മാസ്റ്ററിൽ നിന്ന് വയലിൻ പാശ്ചാത്യവും വേണു മാസ്റ്ററിൽ നിന്ന് വയലിൻ പൗരസ്ത്യവും അഭ്യസിച്ചിട്ടുണ്ട്.എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ നിന്നും സോപാനസംഗീതം, കഥകളി എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്.മലയാള രചനാ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയിലും അനവധി തവണ വിജയിയായിട്ടുണ്ട്. രണ്ടുവർഷം മലയാള മനോരമ ബാലജന സഖ്യം പയ്യന്നൂർ യൂണിയൻ പ്രസിഡണ്ട് ആയിരുന്ന മിഥുൻ ബാലജനസഖ്യം സർഗോത്സവങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
മഹാദേവ ഗ്രാമം ജ്വാല ബാലജന സഖ്യം അംഗമായിരുന്നു.വിവിധ കലാലയങ്ങൾക്കായുള്ള സംഗീത ആൽബങ്ങൾ,ഗൾഫ് മലയാളികളുടെ സംഗീത ആൽബങ്ങൾ എന്നിവ സംവിധാനം ചെയ്യുകയും അവയിൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.ആനുകാലികങ്ങളിൽ രണ്ടു മലയാള ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.കവിയരങ്ങുകളിൽ പങ്കെടുക്കാറുണ്ട്.ഭാരതത്തിലെ വിവിധ ക്ഷേത്രങ്ങളിൽ സംഗീതക്കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.രണ്ട് മലയാള ചലച്ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.വിവിധ കോളേജ് ആർട്ട്സ് ഫെസ്റ്റിവലുകൾ, മറ്റു പൊതുപരിപാടികൾ എന്നിവ ഉദ്ഘാടനം ചെയ്തിട്ടുണ്ട്.കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ എം ടെക് ബിരുദാനന്തര ബിരുദധാരിയായ മിഥുൻ സ്കൂൾ,കോളേജ് പഠനകാലത്ത് ഒഴിവുവേളകളിൽ വിദ്യാർത്ഥികൾക്ക് കലോത്സവ പരിശീലനം നൽകിയിരുന്നു.മിഥുനിന്റെ ശിഷ്യർക്ക് സംസ്ഥാന കലോത്സവത്തിൽ വിജയം നേടാൻ സാധിച്ചിട്ടുണ്ട്.ദക്ഷിണാമൂർത്തി സ്വാമി, കുമാര കേരള വർമ്മ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പാലക്കാട് ശങ്കരൻ നമ്പൂതിരി എന്നിവർ നയിച്ച സംഗീത ശിൽപ്പശാലകളിൽ പങ്കെടുത്തിട്ടുണ്ട്.
കൊച്ചിൻ സർവ്വകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബിടെക് ബിരുദം നേടിയ ഇദ്ദേഹം വി. ടി. യു കർണാടകയിൽ നിന്ന്
എം.ടെക് സ്വന്തമാക്കി. എ.ബി.ജി.എം.വി മണ്ഡലിൽ നിന്ന് സംഗീത വിശാരദ് ഡിപ്ലോമ നേടിയിട്ടുണ്ട്. ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തുവരുന്ന ഇദ്ദേഹം വാരാന്ത്യങ്ങളിൽ ഓൺലൈൻ സംഗീത ക്ലാസുകൾ കൈകാര്യം ചെയ്യാറുണ്ട്. കർണാടക വൈ ഐ ടി എഞ്ചിനീയറിംഗ് കോളേജിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഇമേജ് പ്രോസസിംഗ് വിഷയത്തിൽ ഗവേഷണ പ്രബന്ധവും അവതരിപ്പിച്ചിട്ടുണ്ട്.
പയ്യന്നൂർ ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം തിരുവോണം ഭവനത്തിൽ, മുൻ കേരള ഗ്രാമീണബാങ്ക് മാനേജർ സി.എം ഗോപിനാഥന്റെയും പയ്യന്നൂർ സൗത്ത് എ. എൽ.പി സ്കൂൾ അധ്യാപിക വി.പി ജയശ്രീയുടെയും മകനാണ്. കലാകാരനും എഞ്ചിനീയറുമായ ശ്രീനാഥ് സഹോദരൻ ആണ്.