
ഡോ. പി.സജീവ്കുമാർ -ബഹുമുഖപ്രതിഭ
ചികിത്സയും, സാഹിത്യവും, സാംസ്കാരിക രംഗവും ഒരേ പോലെ കൈകാര്യം ചെയ്യുന്ന ചുരുക്കം വ്യക്തിത്വങ്ങളിൽ ശ്രദ്ധേയനാണ് ഡോ. പി. സജീവ്കുമാർ. എഴുത്തുകാരൻ കൂടിയായ ഡോക്ടർ ചികിൽസിക്കുമ്പോൾ തങ്ങളെ മനസ്സിലാക്കി വേണ്ട രീതിയിൽ മരുന്ന് കുറിക്കും എന്നൊരു വിശ്വാസം ജനങ്ങൾ ക്കിടയിലുണ്ടല്ലോ. ആ വിശ്വാസത്തിനു അടിവരയിടുന്ന പ്രവർത്തനം ആണ് ഡോക്ടർ രണ്ടു പതിറ്റാണ്ടായി നടത്തി വരുന്നത്.
തൃശ്ശൂർ ജില്ലയിലെ അരിമ്പൂരിൽ ജനനം. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്സും ,കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഡി.ടി.സി.ഡിയും പാസ്സായി. കേരള ആരോഗ്യ വകുപ്പിൽ പൾമണറി മെഡിസിൻ കൺസൾട്ടന്റാണ്. ചികിത്സാ രംഗത്തിനു പുറമെ സാഹിത്യത്തിലും , സാംസ്കാരിക രംഗത്തും സജീവമാണ് എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ ഇതിനകം പുറത്തു വന്ന പന്ത്രണ്ടോളം കൃതികൾ. ഡോക്ടറുടെ അനുഭവക്കുറിപ്പുകൾ, ചികിത്സാമുറി കടന്ന് ജീവിത വഴികളിലേക്ക് , അറിയാം എന്താണ് ആരോഗ്യമെന്ന് (വൈജ്ഞാനികം)
ഉള്ളിലേക്ക് വലിഞ്ഞ നാക്ക്, ജാതിക്കൊയ്ത്ത്, ലോകത്തിലേക്ക് പ്രക്ഷേപണം ചെയ്യപ്പെടാത്തത് , ചോർന്നൊലിക്കുന്ന കുട, സമയത്തിന്റെ അടയാളങ്ങൾ (കവിതാസമാഹാരങ്ങൾ)
എല്ലാം കാണുന്ന ചുമരുകൾ , അജ്ഞാത ദ്വീപുകൾ(നോവലുകൾ), കോപ്പൻഹേഗണും മഹാഗണി മരങ്ങളും ( കഥാ സമാഹാരം), ICU - The walls witness it all(Novel) എന്നിവയാണ് പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ. പത്രമാധ്യമങ്ങളിലും, ആനുകാലികങ്ങളിലും എഴുതുന്നു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ വേദിയുടെ പുരസ്കാരം, എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരം, ഐ.എം.എ ലിറ്റററി അവാർഡ്, കെ.ജി.ഒ.എ സംസ്ഥാന സാഹിത്യ പുരസ്കാരം, ഗുരുദേവൻ അവാർഡ്, ജനകീയ സംഘം കവിതാ പുരസ്കാരം, മണപ്പുറം മിന്നലെ അവാർഡ് എന്നിവ അവയിൽ ചിലതാണ്. ഇതിനു പുറമെ സംഗീത ആൽബങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.
പ്രളയം- എന്ന കവിതാ ആൽബവും , വിദ്യാധരൻമാസ്റ്റർ സംഗീതം നൽകി മധുബാലകൃഷ്ണൻ ആലപിക്കുകയും ചെയ്ത "വിഷുശ്രുതി " ആൽബവും ജനങ്ങൾ ഏറെ സ്വീകരിച്ചവയാണ്.
2023 ൽ സർഗം മ്യൂസിക്സ് പുറത്തിറങ്ങിയ "മച്ചാട് മാമാങ്കപ്പെരുമ " എന്ന മ്യൂസിക് ആൽബത്തിന്റെ രചനയും. നിർമ്മാണവും നിർവഹിച്ചു.
കഥകൾ ഹ്രസ്വ ചിത്രങ്ങളായിട്ടുണ്ട്. ധാരാളം സാഹിത്യ സാംസ്കാരിക കൂട്ടായ്മകളിൽ സജീവമാണ്.
തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, അഡീഷണൽ പ്രൊഫസ്സർ ഡോ.രാധികയാണ് ഭാര്യ. നന്ദകിഷോർ, സൂര്യ പ്രതാപ് എന്നിവർ മക്കൾ.
തയ്യാറാക്കിയത് : വിനീത് നാരായണൻ