
മന്തുമ്മാൻ : ഒരു മധു എറാടത്ത് വക സംരംഭം
മന്തുമ്മാൻ എന്ന തൂലികാനാമത്തിൽ സോഷ്യൽ മീഡിയയിൽ സ്ഥിരമായി വന്നുകൊണ്ടിരിക്കുന്ന പോസ്റ്റുകൾ ശ്രദ്ധേയമാകുന്നു.
ഇതിന് കാർട്ടൂൺ എന്നോ,ട്രോൾ എന്നോ എന്താണ് പേരിട്ട് വിളിക്കേണ്ടത് എന്ന് കാണുന്നവർക്ക് തോന്നുക സ്വാഭാവികമാണ്.
ഒരർത്ഥത്തിൽ ഇത് ജൈവ കാർട്ടൂണുകളാണ്..തൃശ്ശൂരിലെ പുതുക്കാട് അടുത്തുള്ള രാപ്പാൾ സ്വദേശിയായ മധു ഏറാടത്ത് ആണ് "മന്തുമ്മാൻ" എന്ന തൂലികാനാമത്തിന് പുറകിൽ ഉള്ളത്. കഴിഞ്ഞ നാലുവർഷക്കാലമായി നിത്യേനെയെന്നോണം
"മന്തുമ്മാൻ പ്രയോഗങ്ങൾ" സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു വരുന്നുണ്ട്.
ഇത് എന്തിനു വേണ്ടിയാണ് താങ്കൾ ചെയ്യുന്നത് ?എന്ന് ചോദിച്ചപ്പോൾ മധുവിന്റെ മറുപടി ഇങ്ങനെയാണ് , എന്റെ മാനസിക സന്തോഷത്തിനു വേണ്ടി ചെയ്യുന്നു, അതോടൊപ്പം ജനങ്ങളിൽ ഉണ്ടാകുന്ന ചിരി. ഇത് രണ്ടും എന്നെ ആനന്ദിപ്പിക്കുന്നു, അതാണ് മുടങ്ങാതെ ഈ സീരീസ് തുടരാൻ പ്രേരിപ്പിക്കുന്നത്.
പണ്ടുമുതലേ ഏതെങ്കിലും തരത്തിൽ ചിരിപ്പിക്കാനുള്ള ഒരു ശ്രമം തന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട് എന്ന് പറയുന്ന മധു തനിക്ക് കലാപരമായ ഒരു പാരമ്പര്യമോ പ്രവർത്തന പരിചയമോ ഇല്ല, പക്ഷേ എല്ലാം ശ്രദ്ധിക്കാറുണ്ട് നിരീക്ഷിക്കാറുണ്ട്.. തനിക്ക് തോന്നുന്ന വിധത്തിൽ അതിനൊക്കെ മനസ്സിൽ ഒരു നർമ്മം ചമച്ച് സ്വയം ആസ്വദിക്കാറുമുണ്ട്.
മന്തുമ്മാനിൽ പ്രകൃതി തന്നെയാണ് കഥാപാത്രമായി വരുന്നത്
ചിലപ്പോൾ വീടിനു പിന്നാമ്പുറത്ത് വന്ന ഒരു പൂച്ചയാകാം, പേരക്കൊമ്പിൽ ഇരിക്കുന്ന ഒരു കാക്കയാവാം, ആകാശമാകാം, ഇലക്ട്രിക് കമ്പി ആകാം അതിന്റെ ഒരു ചിത്രം മൊബൈലിൽ എടുത്ത് ആ ചിത്രത്തിന് നമ്മൾ ആരും കാണാത്ത ഒരു അടിക്കുറിപ്പ് നൽകുന്നതോടെ മന്തുമ്മാൻ റെഡിയായി.
ആ പോസ്റ്റ് പുറത്തു വരുമ്പോൾ അതിന് അന്ന് രാവിലത്തെ പത്ര വാർത്തയായോ, തലേ ന്നത്തെ ചാനൽ ചർച്ചയായോ, പൊതു മലയാളി ദിവസങ്ങളായി
പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു വിഷയവുമായോ ഒക്കെ ബന്ധം തോന്നാം. പരിഹാസത്തിന് പരിധിയില്ല മന്തുമ്മാന്. അത് കൊള്ളേണ്ടയിടത്ത് ചെന്ന് കൃത്യമായി കൊള്ളുകയും ചെയ്യും.
രാവിലെ പോസ്റ്റ് തയ്യാറായാൽ നേരെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് പോസ്റ്റ് ചെയ്യുകയായി. പിന്നെ അവിടുന്ന് അങ്ങോട്ട് ഗ്രൂപ്പുകളിലൂടെയും സ്റ്റാറ്റസുകളിലൂടെയുമായി കറങ്ങി നടക്കും. പിറ്റേന്ന് ചിലപ്പോൾ ഒരു വെള്ളപ്പേപ്പറിൽ പേന കൊണ്ട് വരച്ച ഒരു ചിത്രമാകാം അല്ലെങ്കിൽ ഒരു ഓഡിയോ ക്ലിപ്പ് ആകാം പോസ്റ്റ് ചെയ്യുന്നത്.
"ഒരു ദിവസം ഒന്ന് വീതം"
എന്ന മരുന്ന് കണക്കിലാണ് മന്തുമ്മാന്റെ വരവ്. കാരണം മന്തുമ്മാന്റെ സൃഷ്ടാവ് മധു 23 വർഷമായി ഒരു മെഡിക്കൽ റെപ്രസെന്റേറ്റീവ്
റ്റീവ് ആയി പ്രവർത്തിച്ചു വരുന്ന ആളാണ്.
ഈ നാല് വർഷക്കാലയളവിനുള്ളിൽ ആയിരത്തോളം " മന്തുമ്മാൻ " പോസ്റ്റുകൾ പുറത്ത് വന്നു കഴിഞ്ഞു. തുടക്കത്തിൽ ഈ പരമ്പരക്ക് പേര് ഉണ്ടായിരുന്നില്ല, ഒരു സ്നേഹിതൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് "മന്തുമ്മാൻ" എന്ന പേരിലേക്ക് ഇത് ബ്രാൻഡ് ചെയ്യപ്പെടുന്നത്. സ്ഥിരമായി കാണുന്നതിലൂടെ ആ പേര് ആസ്വാദകരുടെ മനസ്സിലും ഉറച്ചു.
സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന അനീതിക്കും അഴിമതിക്കും അന്ധവിശ്വാസങ്ങൾക്കും നേരെ ചിരിയിലൂടെ ചിന്ത പുരട്ടി മന്തുമ്മാൻ
തൊടുത്തു വിടുന്ന അസ്ത്രങ്ങൾ പാഞ്ഞു വരികയാണ്. നമുക്ക് ആസ്വദിക്കാം ചിന്തിക്കാം, മധുവിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാകട്ടെ മലയാളികൾക്കിടയിൽ മന്തുമ്മാൻ ചർച്ച ചെയ്യപ്പെടട്ടെ.
പിൻ കുറിപ്പ് :
എന്തുകൊണ്ട് അവിവാഹിതനായി കഴിയുന്നു..? എന്ന് ചോദിച്ചപ്പോൾ
മധു പറഞ്ഞു.
" താങ്കൾ പുതുക്കാട് പോലീസ് സ്റ്റേഷനിൽ പോയി ഒരു കംപ്ലൈന്റ്റ് കൊടുക്കു... ഇവിടെ മധു എന്ന ഒരാൾ അവിവാഹിതനായി കഴിയുന്നു .. നടപടി സ്വീകരിക്കണം എന്നും പറഞ്"
"ഇതും പറഞ്ഞു ഉറക്കെ ഒരു പൊട്ടിച്ചിരിയും" ഈ ചിരിക്കു പിന്നിൽ മധുവിന്റെ ഉള്ളിലെ മന്തുമ്മാൻ ആണെന്ന് സുവ്യക്തം.
സഞ്ചയൻ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണല്ലോ
" പരിഹാസ പനിനീർച്ചെടിക്കു
ചിരിയല്ലോ പുഷ്പം
ശകാരം മുള്ളതാൻ "
തയ്യാറാക്കിയത് :
കെൽവിൻ റോയ്