
ഇന്ദുകലാധരൻ: ചെന്നൈ ജീവിതത്തിൻ്റെ 40 വർഷങ്ങൾ
"ചെന്നൈ മഹാ നഗരത്തെപ്പറ്റി പറയുകയാണെങ്കിൽ സാധാരണക്കാർക്കും വമ്പന്മാർക്കും ജീവിക്കാൻ കഴിയുന്ന മെട്രോപോളിറ്റൻ സിറ്റികളിൽ ഏറ്റവും മികച്ചതാണ് ചെന്നൈ. ഇവിടെയുള്ള ആളുകൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സഹായിക്കാനുള്ള മനസ്സുള്ളവരാണ് എന്നതും ഈ നഗരത്തിന്റെ ഗുണങ്ങളിൽ ഒന്നാണ്". പറയുന്നത് ഇന്ദുകലാധരനാണ്. ബിസിനസുകാരൻ, മലയാളി സംഘടനാ, സാമൂഹ്യ,ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ കഴിഞ്ഞ 40 വർഷമായി ചെന്നൈയിൽ ജീവിക്കുന്ന ഇദ്ദേഹം തൃശ്ശൂർ നന്തിപുലം സ്വദേശിയാണ്. സ്വന്തം അമ്മാവന്മാരും മൂത്ത ജേഷ്ഠൻ ഉദയഭാനുവും ചെന്നൈയിലായിരുന്നു, അങ്ങനെയാണ് തന്റെ ഇരുപതാമത്തെ വയസ്സിൽ ഇന്ദുകലാധരൻ അന്ന് മദ്രാസ് എന്ന് പേരുള്ള ചെന്നൈയുടെ മണ്ണിൽ ആദ്യമായി കാലുകുത്തുന്നത്. തന്റെ ഇന്നത്തെ വളർച്ചയ്ക്ക് കാരണക്കാരൻ ജേഷ്ഠൻ ഉദയഭാനുവാണ് എന്ന് ഇന്ദു കലാധരൻ ഓർക്കുന്നു.കോയമ്പത്തൂരിലെ മഞ്ജുള എക്സ്പോർട്സ് ഫാബ്രിക് മാനുഫാക്ചറിങ് കമ്പനി, Vmsv ടെക്സ്റ്റൈൽസ് എക്സ്പോർട്ട് മാനുഫാക്ചറിങ് കമ്പനി എന്നിവിടങ്ങളിൽ നിന്നാണ് തൊഴിൽ ജീവിതം ആരംഭിക്കുന്നത്.
പിന്നീട് ചെന്നൈയിലെ "ടീനഗർ ബർക്കിഡ് റോഡിലുള്ള വേദ പാച്ച് വർക്ക് "എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു, വളരെ കഷ്ടപ്പെട്ട ഒരു കാലമായിരുന്നു അത്. 150 രൂപ ശമ്പളത്തിനായിരുന്നു അവിടെ ജോലി ചെയ്തിരുന്നത്. പിന്നീട് എ.ടി ബർമ്മ എന്ന എക്സ്പോർട്ട് കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്തു. അതിന് ശേഷമാണ് സ്വന്തമായി ബിസിനസ്സ് ചെയ്യാനായി "ഗാർമെന്റ് മാനുഫാക്ചറിങ്" മേഖലയിലേക്ക് ഇറങ്ങിയത് . ജേഷ്ഠൻ ഉദയഭാനുവും ഇളയ സഹോദരൻ സോമസുന്ദരവു മായി ചേർന്ന് ബിസിനസ് ആരംഭിക്കുകയും ചെയ്തു. പിന്നീട് സ്വന്തമായി പോരൂർ എന്ന സ്ഥലത്ത് ഗാർമെന്റ് ഫാക്ടറി ആരംഭിക്കുകയും ചെയ്തു. ആ സമയത്ത് ഏകദേശം പത്തു മുന്നൂറോളം പേർ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇപ്പോഴും ടെക്സ്റ്റൈൽസ് പരമായ ബിസിനസ് ആണ് ചെയ്തുവരുന്നത്. അതോടൊപ്പം തന്നെ "The Red Box" എന്ന പേരിലുള്ള ഒരു ഹോട്ടൽ ശൃംഖലക്കും ഇന്ദുകലാധരൻ നേതൃത്വം വഹിക്കുന്നുണ്ട്. രണ്ടു മക്കളും അതിന്റെ ഡയറക്ടേഴ്സ് ആണ്. അങ്ങനെ കുടുംബ സ്ഥാപനമായി The Red Box മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.
ചെന്നൈയിൽ 26 Red Box ഹോട്ടലുകൾ ഉണ്ട്, കോയമ്പത്തൂർ 2, ബാംഗ്ലൂർ, ഹൈദ്രബാദ്, പോണ്ടിച്ചേരി, വിശാഖപട്ടണം എന്നിവിടങ്ങളിലും റെഡ് ബോക്സ് പ്രവർത്തിച്ചു വരുന്നു. ചെന്നൈയിലെ പോരൂർഎന്ന സ്ഥലത്ത് "ചൈനീസ് സ്റ്റോറി" എന്ന പേരിൽ ഒരു ഹോട്ടൽ കൂടി ഉണ്ട്. ഇവിടെ നിന്നുമാണ് മറ്റു ഹോട്ടലുകളുടെ എല്ലാം തുടക്കം. ഒരു ബിസിനസുകാരൻ എന്ന നിലയിൽ തിരക്കുപിടിച്ച ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴും കഴിഞ 25 വർഷത്തിലേറെയായി ചെന്നൈയിലെ മലയാളി സംഘടനാ, സാമൂഹ്യ, സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് സി.ഇന്ദുകലാധരൻ. കോൺഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷന്റെ കീഴിൽ ( CTMA ) 119- ഓളം മലയാളി സംഘടനകൾ തമിഴ്നാട്ടിൽ ഉടനീളമായി പ്രവർത്തിക്കുന്നുണ്ട്. തമിഴ്നാട്ടിൽ തന്നെ 43 ലക്ഷത്തോളം മലയാളികൾ ഉണ്ട് . ഇവരെ തമ്മിൽ കൂട്ടിയിണക്കാനും പരസ്പരം ക്ഷേമത്തിനായി പ്രവർത്തിക്കുവാനുമായാണ് അനിഷേധ്യ നേതാക്കളായ ശ്രീ എം.പി പുരുഷോത്തമൻ, ശ്രീ കെ.വി നായർ, ശ്രീ വേലായുധൻ എന്നിവർ ചേർന്ന് CTMA ക്ക് രൂപം കൊടുത്തത്. CTMA യുടെ വർക്കിംഗ് പ്രസിഡണ്ട് വരെയുള്ള തലത്തിൽ നിന്നുകൊണ്ട് പ്രവർത്തിക്കാനും സാധിച്ചിട്ടുണ്ട്.
അതുപോലെ ദേശീയതലത്തിലുള്ള മലയാളി സംഘടനയായ "ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ്" (FAIMA )" തമിഴ്നാട് സോണൽ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇക്കാലയളവിലാണ് മലയാളികൾക്കിടയിൽ ഏറെ ജനകീയമാവുകയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്ത " ബാല കലാമേള" വളരെ വിജയകരമായി നടത്തുന്നത്. അതു പോലെ തന്റെ താമസസ്ഥലമായ കൊരട്ടൂർ കേന്ദ്രീകരിച്ച് ഇന്ദുകലാധരൻ 14 വർഷം മുമ്പാണ് "കൊരട്ടൂർ മലയാളി സൗഹൃദവേദിക്ക് "രൂപം നൽകിയത്. അതിന്റെ ഫൗണ്ടർ ആണ്. ഇപ്പോൾ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നുണ്ട്. കൊരട്ടൂർ സൗഹൃദവേദി ഇപ്പോഴും ധാരാളം പ്രവർത്തനങ്ങളുമായിട്ട് മുന്നോട്ട് കൊണ്ട്
പൊയ്‌ക്കൊണ്ടിരിക്കുകയാണ്, അതിൽ എടുത്ത് പറയാവുന്നത് സുനാമി വെള്ളപ്പൊക്കകാലത്ത് മാതൃഭൂമിയുമായി കൈകോർത്ത് പല സ്ഥലങ്ങളിലും ആളുകൾക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കാൻ കഴിഞ്ഞതാണ്. "മീൽസ് ഓൺ വീൽസ് " എന്ന പദ്ധതിയിലൂടെ അശരണർക്ക്, പ്രത്യേകിച്ചും റോഡ്സൈഡിലും മറ്റും താമസിക്കുന്ന ആളുകൾക്ക് ഭക്ഷണം എത്തിക്കുന്ന പ്രവർത്തനവും നല്ല രീതിയിൽ നടന്നു വരുന്നുണ്ട്. 2014 ൽ "വൈസ് മെൻസ് ഇന്റർനാഷണൽ" ഓർഗനൈസേഷന്റെ ചെന്നൈ ഡിസ്ട്രിക്ട് ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. നാടകം എന്ന കലാരൂപത്തോട് പണ്ടുമുതലേ വലിയ താല്പര്യമുള്ള ഇന്ദുകലാധരൻ 20 - ഓളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, അതിലേറെ നാടകങ്ങളുടെ സംഘാടകനായും പ്രവർത്തിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെയാണ് കണ്ണൂരുള്ള ഗണേഷ് എന്ന സുഹൃത്തുമായി ചേർന്ന് നാടകത്തെ വളർത്തുന്നതിനായി "ചെന്നൈ നാടക വേദി" രൂപീകരിക്കാൻ മുൻകൈ എടുത്തത്. ഇന്ന് അതിന്റെ വൈസ് ചെയർമാനാണ്. എൻ.എസ് ദാസ് കലാകേന്ദ്രം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.ഈ സംഘടനയുടെ കീഴിൽ കുറെ നാടകങ്ങളിൽ അഭിനയി ച്ചിട്ടുണ്ട്.
126 വർഷത്തോളം പഴക്കമുള്ള ചെന്നൈയിലെ "മലയാളി ക്ലബ്ബ് " ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള ക്ലബ്ബുകളിൽ ഒന്നാണ്. 16 വർഷം മലയാളി ക്ലബ്ബിന്റെ കമ്മിറ്റി മെമ്പറായിരുന്നു, എന്റർടൈൻമെന്റ് ഇൻചാർജ് ആയിരുന്നു അക്കാലത്ത് നിർവഹിച്ചിരുന്നത്.സംഗീത നാടക അക്കാദമിയുമായി സഹകരിച്ചും മലയാളി ക്ലബ്ബ് നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വൈസ് മെൻസ് ഇന്റർനാഷണൽ സൗത്ത് ഇന്ത്യ റീജണലിലെ " ബെസ്റ്റ് ഡിസ്ട്രിക്ട് ഗവർണർക്കുള്ള അവാർഡ്", Y's Mens "Elmer Crowe അവാർഡ്", തമിഴ് ദിന ഒരുമൈ കഴകം സംഘടനയുടെ "കർമ്മശക്തി പുരസ്‌ക്കാരം " മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന "ജ്വാല"യുടെ മുംബൈ ജ്വാല " Man Of The Year -2022 അവാർഡ്, കണ്ണൂർ കലിയുഗ തീയറ്റേഴ്സിന്റെ പ്രത്യേക അനുമോദനം "പത്മഭൂഷൺ ശ്രീമതി ശാന്ത ധനജ്ഞയനിൽ" നിന്നും സ്വീകരിച്ചതുൾപ്പടെ തന്റെ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും അനുമോദനങ്ങളും ഇന്ദുകലാധരനെ തേടി എത്തിയിട്ടുണ്ട്. ഭാര്യ :സിന്ധു കലാധരൻ ( General Manager, Italian
Oil Company ) മക്കൾ : ശ്വേത .കെ ( Senior Marketing Manager in MNC ) ശ്രേയ. കെ ( Senior Marketing Executive in MNC )
indukaladharan.c@gmail.com
തയ്യാറാക്കിയത് :
Kelvin Roy
Ravitha.s Nair