
ട്രെയിനീന്ന് വീണ് ട്രെയിനറായ ജാബിർ സിദ്ധിക്കിന്റെ കഥ
മോട്ടിവേഷണൽ സ്പീക്കർ ജാബിർ സിദ്ദിഖിന് അന്നൊരു ഫോൺ വന്നു. വിളിച്ച ആൾ ഖത്തറിൽ നിന്നുമാണ്. "രോഗശയ്യയിൽ കിടക്കുന്ന തന്റെ പെങ്ങളോടൊന്ന് സംസാരിക്കണം എന്നാണ് അയാളുടെ ആവശ്യം," വടകര വഴി പോവുകയാണെങ്കിൽ സാറിന് അവളെ ഒന്ന് കാണാൻ പറ്റുമോ? എന്നും ചോദിച്ചു. അവൾ സാറിന്റെ മോട്ടിവേഷൻ വീഡിയോസൊക്കെ സ്ഥിരമായി കാണാറുണ്ട്, ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നുണ്ട്, മാനസികവും ശരീരികവുമായി വളരെ വിഷമത്തിലാണ് എന്നും പറഞ്ഞു.
"എന്നെ വിളിച്ച ആളുടെ വാക്കുകളിൽ നിന്നും ഞാൻ ദയനീയയായ ആ പെൺകുട്ടിയെ കണ്ടു" അതെന്റെ ഉള്ളിൽ നൊമ്പരമുണ്ടാക്കി, ആ സഹോദരന് ഞാൻ വരാം എന്ന് വാക്കും നൽകി.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ എന്റെ സഹപ്രവർത്തകനൊപ്പം വടകരയിലെ അവളുടെ വീട്ടിൽ പ്പോയി അവളെ കണ്ടു. ക്ഷീണത്തിനിടയിലുള്ള അവളുടെ സന്തോഷം എന്നെയും സന്തോഷിപ്പിച്ചു. അവളോട് കുറെ സംസാരിച്ചു, ജീവിതത്തിൽ ഞാൻ അനുഭവിച്ച കടുത്ത പ്രയാസങ്ങളെപ്പറ്റിയും അവിടെ നിന്നും തിരിച്ചു വന്നതിനെ കുറിച്ചും ഒക്കെ പറഞ്ഞു. ഒപ്പം കുറെ തമാശകൾ പറഞ്ഞു ചിരിച്ചും കളിച്ചും ആ കുട്ടിയോടൊപ്പം കുറെ സമയം ചെലവഴിക്കുകയും ചെയ്തിട്ടാണ് മടങ്ങിയത്.
അന്ന് രാത്രി ആ കുട്ടിയുടെ സഹോദരൻ വിളിച്ചു. "സാർ കുറെ നാളുകൾക്കു ശേഷമാണ് അവൾ ഇത്രയും സന്തോഷിക്കുന്നത്. ഇത് വരെ മരണം മാത്രമായിരുന്നു അവളുടെ വാക്കുകളിൽ, പക്ഷേ ഇന്ന് അവളുടെ വാക്കുകളിൽ പ്രതീക്ഷയും ധൈര്യവും കണ്ടു. രോഗത്തോടും ജീവിതത്തോടും അവൾ പൊരുതുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് എന്നും ആ സഹോദരൻ പറഞ്ഞു. "വീണു കിടക്കുന്നവരുടെ വേദന ജാബിറിനു നന്നായി അറിയാം കാരണം അയാൾ ഒരിക്കൽ വലിയ വീഴ്ച്ച വീണ ആളാണ്. അതുകൊണ്ട് വീണവർ പറയുന്നത് അയാൾക്കും അയാൾ പറയുന്നത് അവർക്കും എളുപ്പത്തിൽ മനസ്സിലാകും."
2011 ലാണ് ജാബിർ സിദ്ധിക്കിന്റെ ജീവിതത്തിലെ ആ വലിയ വീഴ്ച്ച നടന്നത്.അന്ന് ഒരു ഉത്രാട ദിനമായിരുന്നു തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രക്കിടയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ജാബിറിന്റെ കാല് ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ കുടുങ്ങിയത്. വലിയ രീതിയിലുള്ള പരിക്കുപറ്റി ചോരയിൽ കുളിച്ച ജാബിറിനെ റെയിൽവേ പോലീസിന്റെയും സുഹൃത്തുക്കളുടെയും സഹായത്താൽ എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.ഡോക്ടർ സെന്തിൽ കുമാർ വന്ന് ജാബിറിന്റെ കാല് വിശദമായി പരിശോധിച്ചു.
എന്നിട്ട് പറഞ്ഞു. " ജാബിർ... ഞാൻ പറയുന്നത് സംയമനത്തോടെ കേൾക്കുക, കാല് തിരിച്ചു കിട്ടാനുള്ള സാധ്യത ഒന്നോ രണ്ടോ ശതമാനം മാത്രമാണ്. ഓപ്പറേഷന് ഇടയിൽ ചിലപ്പോൾ കാല് നഷ്ടപ്പെടാനും സാധ്യതയുണ്ട്"
തലച്ചോറിലേക്ക് പെട്ടെന്ന് ഒരു ഇരുട്ട് ഇരമ്പി എത്തി.ജാബിർ അവിടെ കിടന്നു അലറി വിളിച്ചു കരഞ്ഞു. ഇത്രയും കാലം ഞാൻ നടന്നിരുന്ന എന്റെ കാല് ഇനി ഉണ്ടാകില്ലേ...? വെപ്പുകാല് വെച്ച് നടന്നു വരുന്ന തന്റെ രൂപം വരെ ചിന്തിച്ച് എല്ലാം നഷ്ടപ്പെട്ടവനായി ബെഡിൽ കിടന്നു. 6 സർജറിയാണ് കാലിൽ നടത്തിയത്, രണ്ടുദിവസം വെന്റിലേറ്ററിൽ കിടന്നു, 17 ദിവസം ഐ.സി.യുവിലും മൂന്നുമാസം ഹോസ്പിറ്റലിൽ ബെഡ്ഡിൽ കിടന്ന കിടപ്പിൽ തന്നെയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ തന്റെ കരച്ചിൽ കേട്ടിട്ട് കൂടെയുള്ളവർക്ക് പോലും ഉറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടായിട്ടുള്ളത് ജാബിർ ഓർത്തെടുത്തു.
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയതിനുശേഷം ഒരു വർഷം ഫുൾ ബെഡിലായിരുന്നു. ആ സമയത്ത് പലപ്പോഴും ഡോക്ടറെ ഫോൺ ചെയ്യാറുണ്ട് അപ്പോൾ ഡോക്ടർ പറയും ജാബിർ നീ എനിക്കൊരു ഗിഫ്റ്റ് തരണം!? എന്താണെന്നു ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞു "നീ ഒരിക്കൽ നടന്നിട്ട് ഈ ഹോസ്പിറ്റലിലേക്ക് എന്നെ കാണാൻ വരണം. അതാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഗിഫ്റ്റ്"
ആ വാക്കുകൾ അങ്ങനെ തന്നെ സംഭവിച്ചു പിന്നീട് ഡോക്ടറെ കാണാൻ രണ്ടുകാലിൽ നിവർന്നു നടന്നു തന്നെ ഞാൻ പോയി. ശുഭാപ്തി വിശ്വാസവും ഇച്ഛാശക്തിയും ലക്ഷ്യവും ഒരുമിച്ചു കൈകോർക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ പല അത്ഭുതങ്ങളും നടക്കും എന്ന് അന്ന് ബോധ്യമായി. കാല് എനിക്ക് തിരിച്ചു കിട്ടിയെങ്കിലും എന്റെ സ്വപ്നങ്ങൾ കാല് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ചുരുക്കി പറഞ്ഞാൽ ഞാൻ ഇരിപ്പിലായി, ഇനി എവിടെയെങ്കിലും ഇരുന്നുകൊണ്ടുള്ള ജോലി മാത്രമേ എനിക്ക് പറ്റുകയുള്ളൂ എന്നെനിക്ക് വ്യക്തമായി ബോധ്യപ്പെട്ടു.ഞാനത് അംഗീകരിക്കുകയും ചെയ്തു. അങ്ങനെയിരിക്കയാണ് നാട്ടിലെ ഒരു സ്പോക്കൺ ഇംഗ്ലീഷ് സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റ് ആയി എനിക്ക് ജോലി കിട്ടുന്നത്. കോണിപ്പടികൾ കയറി വേണം ക്ലാസ്സിൽ എത്താൻ. രണ്ട് സ്റ്റെപ്പ് കയറിയിട്ട് രണ്ട് മിനിറ്റ് റിലാക്സ് ചെയ്യും എന്നിട്ട് വീണ്ടും രണ്ട് സ്റ്റെപ്പ് കയറും അങ്ങനെയാണ് ഞാൻ ആ സ്ഥാപനത്തിന്റെ മുകളിലേക്ക് ദിവസവും എത്തിക്കൊണ്ടിരുന്നത്. അവിടുത്തെ ജോലിക്കിടയിലാണ് അവിടെ പഠിക്കുന്ന ഒരു കുട്ടി എനിക്കൊരു വീഡിയോ അയച്ചുതന്നത്. "പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്കരൻ ഒരു കോളേജിലെ കുട്ടികളുമായി സംവദിക്കുന്ന വീഡിയോ ആയിരുന്നു അത്." ആ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷവും പ്രതീക്ഷയും തോന്നി. പിന്നീട് അദ്ദേഹത്തിന്റെ പല വീഡിയോകളും കാണുന്നത് ശീലമാക്കി. അതിനുശേഷം അദ്ദേഹവുമായി എങ്ങനെ നേരിട്ട് സംസാരിക്കാം എന്ന് ഞാൻ ആഗ്രഹിച്ചു. ഒരു ദിവസം ഓൺലൈനിൽ പരതി ഫോൺ നമ്പർ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിച്ചു. ഏറ്റവും ചുരുക്കി ഞാനെന്റെ ജീവിതകഥ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു "നിനക്ക് എന്നും പ്രശ്നങ്ങൾ പറഞ്ഞ് നടക്കുന്ന ആളാവണോ അതോ മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ആളാവണോ"?
നിനക്ക് തീരുമാനിക്കാം. രണ്ട് ഓപ്ഷൻ ആണ് നിന്റെ മുന്നിലുള്ളത്
"സഹായം വാങ്ങുന്ന ആളാവണോ?
സഹായം കൊടുക്കുന്ന ആളാവണോ?"
"പരാതി പറയുന്ന ആളാവണോ? മറ്റുള്ളവരുടെ പരാതി പരിഹരിക്കുന്ന ആളാവണോ? " സഹായം വാങ്ങുന്നവൻ എന്നും വാങ്ങിക്കൊണ്ടിരിക്കും സഹായം കൊടുക്കുന്നവൻ എന്നും കൊടുത്തു കൊണ്ടിരിക്കും. ആ വാക്കുകൾ എന്റെ കണ്ണുതുറപ്പിച്ചു.
എനിക്ക് സഹായം കൊടുക്കുന്ന ആളാവണം, മറ്റുള്ളവരുടെ പ്രശ്നങ്ങൾ വാക്കുകൊണ്ടെങ്കിലും പരിഹരിക്കുന്ന ആളാകണം എന്ന് ഉറപ്പിച്ചിട്ടായിരുന്നു പിന്നീടുള്ള എന്റെ യാത്ര.
മധു ഭാസ്കരൻ സാറിന്റെ വീഡിയോകളും സജി തലവൂരിന്റെ "വിജയത്തിന്റെ ഇതിഹാസം" എന്ന പുസ്തകവും എന്റെ ഉള്ളിൽ മോട്ടിവേഷൻ നിറച്ചു. "ഞാൻ മനസ്സിലാക്കിയ ഇതുപോലെയുള്ള ചിന്തകൾ എന്നെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പരിമിതികൾ ഉള്ള ആളുകൾക്ക് മുന്നിൽ എങ്ങനെ അവതരിപ്പിക്കാം എന്ന ചിന്ത എന്നെ ഒരു മോട്ടിവേഷൻ സ്പീക്കർ ആക്കി മാറ്റി."
പക്ഷേ അതിന് എന്തൊക്കെയാണ് ചെയ്യേണ്ടത്? എന്നൊന്നും അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഇന്നത്തെ കേരളത്തിലെ ഏറ്റവും ജനപ്രിയ മോട്ടിവേഷണൽ താരമായ അഭിഷാദ് ഗുരുവായൂരിനെ ഞാൻ കണ്ടുമുട്ടുന്നത്. "അഭിഷാദ് സാർ ആയിരുന്നു പിന്നീട് എന്റെ മെന്റർ. അഭിഷാദ് സാറിൽ നിന്നാണ് ഞാൻ പഠിച്ചത്. അതു വരെ പാതി വെന്ത പരിശീലകനായിരുന്നു ഞാൻ. ട്രെയിനിങ് പരിപാടികളിൽ നിന്ന് കിട്ടുന്ന ഫണ്ട് കൊണ്ട് തീർക്കാൻ പറ്റാത്ത പ്രതിസന്ധികളിൽ വർഷങ്ങൾക്ക് മുമ്പ് അടി പതറിയപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഈ ഫീൽഡ് ഉപേക്ഷിച്ച് മാൾട്ടയിലേക്ക് പോവാൻ മാനസികമായി തയ്യാറെടുക്കുകയും എഴുപത് ശതമാനത്തോളം ഒരുക്കങ്ങൾ പൂർത്തിയാവുകയും ചെയ്തിരുന്നു. അന്ന് അഭിഷാദ് സാറിനോട് എന്റെ സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം എനിക്ക് തിരിച്ച് പറഞ്ഞ് തന്ന കാര്യങ്ങൾ അതേ പടി പ്രവർത്തിച്ചതിന്റെ അനന്തരഫലമായിട്ടാണ് ഇന്ന് ഒരുപാട് പേരിലേക്ക് ഞാൻ എത്തിപ്പെട്ടത്."
ഇന്ന് ജാബിർ സിദ്ധിക്ക് കേരളത്തിലെ തിരക്കുള്ള ഒരു മോട്ടിവേഷണൽ സ്പീക്കറാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്റ്റാഫുകൾക്കും പരിശീലനം നൽകി വരുന്നു. പിന്നിട്ട പത്ത്വ ർഷക്കാലത്തിനിടയിൽ 1800 - ഓളം പരിശീലന ക്ലാസുകൾ നയിക്കുവാൻ കഴിഞ്ഞു.ലളിതമായ, നർമ്മത്തിൽ ചാലിച്ച, ഏവർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന
അവതരണ ശൈലിയുള്ള ജാബിറിന്റെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. മോട്ടിവേഷൻ കൊണ്ട് എന്തു ഗുണം? എന്ന് ചോദിക്കുന്നവർക്കുള്ള പ്രത്യക്ഷ മറുപടിയാണ് ജാബിർ സിദ്ധിക്ക്. ഒരുകാലത്ത് അയാൾ മോട്ടിവേഷൻ തേടി അലഞ്ഞു... അത് അയാളിലേക്ക് വന്ന് നിറഞ്ഞു. അയാൾ അത് അനുഭവിച്ചു... അതിൽ മുഴുകി. ഇപ്പോഴത് ചുറ്റുമുള്ളവരിലേക്ക് പകർന്നുകൊണ്ട്അയാൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
Jabir Sidheek
📱+91 98465 14268
Facebook, Instagram, Youtube / Jabir Sidheek
തയ്യാറാക്കിയത് :
Kelvin Roy
( Senior Sub Editor,
Malayali Focus )