
അഞ്ചാം ക്‌ളാസുകാരി ഭദ്രയുടെ പുസ്തകം പ്രകാശനം ചെയ്തു
വായനാ ദിനത്തിൽ തന്റെ രണ്ടാം പുസ്തകം പ്രസിദ്ധീകരിച്ച് അഞ്ചാം ക്ലാസുകാരി സാഹിത്യ ലോകത്ത് ശ്രദ്ധ നേടിയിരിക്കുകയാണ്.
തൃശ്ശൂർ സ്വദേശിനിയും വരടിയം സർക്കാർ സ്ക്കൂൾ വിദ്യാർത്ഥിനിയുമായ എസ്. ഭദ്രയാണ് ഈ മിടുക്കി .പഠനം നടത്തുന്ന സ്ക്കൂളിൽ വച്ച് , വടക്കാഞ്ചേരി M L A സേവ്യർ ചിറ്റിലപ്പളളി പുസ്തക പ്രകാശനം നിർവഹിച്ചു. പ്രശസ്ത എഴുത്തുകാരി വിജയരാജമല്ലിക പുസ്തകം ഏറ്റുവാങ്ങി.ഭദ്രയുടെ ആദ്യ പുസ്തകമായ' കുഞ്ഞുമേഘം' കഥാ സമാഹാരമായിരുന്നെങ്കിൽ, ഇത്തവണ 'അപ്പൂപ്പൻ താടികൾ' എന്ന കവിതാ സമാഹാരമാണ്.
തന്റെ വീട്ടിലും ചുറ്റുവട്ടത്തുമൊക്കെ നടക്കുന്ന സംഭവങ്ങൾ നിരീക്ഷിച്ചാണ് ഭദ്രയുടെ സൃഷ്ടികൾ പിറവിയെടുക്കുന്നത്.
പുസ്തകങ്ങളിലെ ചിത്രങ്ങളും ഭദ്രയുടേത് തന്നെ. ഇതിനകം മുല്ലനേഴി കാവ്യ പുരസ്ക്കാരം, സുഗതകുമാരി കാവ്യ പുരസ്ക്കാരം, കുഞ്ഞുണ്ണി മാഷ് സ്മൃതി പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ഭദ്രയെ തേടിയെത്തിയിട്ടുണ്ട്. ഭദ്രക്ക് പിന്തുണയും പ്രോൽസാഹനവുമായി ,മാതാപിതാക്കളായ കൃഷി ഓഫീസർ സുമേഷും
അഭിഭാഷകയായ ശുഭയും കൂടെയുണ്ട്.
സാഹിത്യത്തിനു പുറമെ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിലും ഭദ്ര മികവിന്റെ കൂട്ടുകാരിയാണ്.