
ഡോ. ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് : വ്യത്യസ്തതയുടെ സഹയാത്രികൻ
തൃശ്ശൂർ ജില്ലയിലെ വാക തെക്കേപ്പാട്ട് കുട്ടൻ കയ്മളുടെയും കുറുമാൽ പട്യാത്ത് സരസ്വതിയമ്മയുടെയും മകനായാണ് ഉണ്ണികൃഷ്ണൻ തെക്കേ പാട്ടിന്റെ ജനനം. ജ്യോത്സ്യനായ പിതാവ് കവിടിയിൽ ഞൊടിയിടയിൽ ഗണിത ക്രിയകൾ ചെയ്യുന്നത് കണ്ടു വളർന്ന ഇദ്ദേഹം ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദവും തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയതിനു ശേഷം കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് ത്രിവത്സര പ്രൊഫഷണൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള വെറ്ററിനറി സർവകലാശാല, ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം, ഗ്രാമവികസന വിഭാഗം, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, ശ്രീ സി. അച്യുത മേനോൻ ഗവ. കോളേജ് തൃശൂർ എന്നിവയിൽ ജോലി ചെയ്യുന്നതിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററായ ഫാറൂഖ് കോളേജിൽ നിന്നും സ്റ്റാറ്റിസ്റ്റിക്സിൽ പിഎച്ച്.ഡിയും കരസ്ഥമാക്കി.
ഗണിത ശാസ്ത്രത്തിലെ അതി പ്രശസ്തമായ സമസ്യയായിരുന്ന ഫെർമയുടെ അന്ത്യ സിദ്ധാന്തത്തിന് തെളിവ് കണ്ടെത്താൻ ശ്രമിച്ചതിന് 2003 സെപ്റ്റംബർ 26 ന് അന്നത്തെ രാഷ്ട്രപതിയായ Dr. APJ അബ്ദുൾ കലാം നേരിട്ട് വിളിച്ചു വരുത്തി അഭിനന്ദിച്ചിരുന്നു. അതിനു ശേഷം കോണുകളെ മൂന്ന് തുല്യ ഭാഗങ്ങളാക്കുന്ന രീതി, അഭാജ്യസംഖ്യകളുടെ ശ്രേണി എന്നിവയും ശ്രദ്ധ നേടി. 2008 ൽ പ്രകൃതിയുടെ ഗണിതം പറയുന്ന ഡോക്യുമെന്ററിയുടെ രചന നിർവഹിച്ചപ്പോൾ അത് തൃശൂർ ബ്രഹ്മസ്വം മഠത്തിൽ വെച്ച് പ്രകാശനം ചെയ്തത് Dr. കലാം തന്നെയായിരുന്നു. പിന്നീട് മാടമ്പ് കുഞ്ഞിക്കുട്ടൻ രചന നിർവഹിച്ച പാദസ്പർശം ക്ഷമസ്വ എന്ന ഡോക്യുമെന്ററി നിർമ്മിച്ചപ്പോൾ അതിൽ ഒരു സന്ദേശവും Dr. കലാമിന്റെതായുണ്ട്.
കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയ്ക്കു വേണ്ടി " ആശയങ്ങൾ ആവിഷകാരത്തിലേയ്ക്ക് " എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചു. ഇതിനിടെ പുരുഷസൂക്തം, ജ്യോതിർഗമയ, ദർശനം, കൂട്ടമണി , സൽപ്രവൃത്തിയ്ക്ക് സ്വാതന്ത്ര്യം, അപൂരക സമത്വം, ഗ്രാമസഭ, അക്ഷര സേന, ഫലത്തൊലി, ആചാര്യൻ, കരുതൽ , വീടും സ്ഥലവും വില്പനയ്ക്ക് തുടങ്ങി നിരവധി ചിത്രങ്ങളുടെ വിവിധ മേഘലകളിൽ ഭാഗമായി. ഇതോടൊപ്പം നവാമൃതം, അയ്യനും ഞാനും , ശ്രീനയനം എന്നീ ആൽബങ്ങളുടെ ഗാനരചനയും നിർവഹിച്ചു.
ദേശീയവും അന്തർദേശീയവുമായ നിരവധി ലേഖനങ്ങളുടെ കർത്താവായ ഉണ്ണികൃഷ്ണൻ കാലാവസ്ഥയും ജ്യോതിഷവും ചേർന്ന പഠനങ്ങളിൽ സദാ ജാഗരൂകനാണ്. 2018 ലെ പ്രളയത്തിന്റെ പ്രവചനം ആരും വിശ്വസിക്കാത്തതായിരുന്നു. കേരള കൗമുദി , ഇന്ത്യൻ എക്സ്പ്രസ് മുതലായ പത്രങ്ങളിൽ 2018 ജൂലൈ മാസത്തിൽ തന്നെ ഇത് പ്രസിദ്ധീകരിച്ചിരുന്നു. ഗണിതം ലളിതം, കുസൃതി കണക്കുകൾ, വേദഗണിതം, ഗണിതം എങ്ങനെ പഠിയ്ക്കാം, സി പ്രോഗ്രാമിംഗ്, ന്യൂമെറിക്കൽ അനാലിസിസ് തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു.
ശ്രീ സി. അച്യുത മേനോൻ ഗവ. കോളേജ് സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനും , ഗണിത ശാസ്ത്ര വിഭാഗം മേധാവിയുമായ ഉണ്ണികൃഷ്ണൻ ഇപ്പോൾ യദു ഫിലിം ഫാക്ടറിയ്ക്ക് വേണ്ടി സുധീർ സി.ബി. നിർമ്മിയ്ക്കുന്നതും ദർശൻ സംവിധാനം ചെയ്യുന്നതുമായ കെടാവിളക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാനരചയിതാവുമാണ്.
തയ്യാറാക്കിയത് : ദീപ്തി ജോസ്