
DDM ചിന്തകൾ ആയിരത്തിന്റെ നിറവിൽ
തൻ്റെ ചിന്തകളെ ചുറ്റുമുള്ളവയോടും ചുറ്റുമുള്ളവരോടും കൂട്ടിയിണക്കി നുറുങ്ങു വാചകങ്ങൾ ഉണ്ടാക്കി അവ രണ്ടോ മൂന്നോ വാചകങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ പതിവായി പങ്കുവെക്കുന്ന ഒരാളുണ്ട്, തൃശൂർ സ്വദേശി ഡെന്നി ഡൊമിനിക് ആണ് ആ കുറിപ്പുകൾക്ക് പിന്നിൽ.തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലെ ബോട്ടണി ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും സോഷ്യൽ മീഡിയയിലേക്ക് പിറന്നുവീണത് കഥകളും കവിതകളും പാട്ടുകളും ലേഖനങ്ങളും അടക്കം ആയിരത്തിലേറെ ചിന്തകൾ ആണ് . ഡി ഡി. എം ചിന്തകൾ എന്ന തൂലികാ നാമത്തിൽ കുറിക്കുന്ന ചിന്തകൾ അത്രയും വെറും വാചകങ്ങളെല്ല ആരും ഒന്നിരുന്നു ചിന്തിച്ചു പോകുന്ന ചിന്താ ശകലങ്ങളാണവ . സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് വാട്സ്ആപ്പ്,ഇൻസ്റ്റഗ്രാം തുടങ്ങി ഓൺലൈൻ മാഗസീനായ പ്രതി ലിപി എന്നിവയിലെ സജീവസാന്നിധ്യത്തോടൊപ്പം ചർച്ച് ബുള്ളറ്റിൻ ഫാക്ടറി മാഗസിനായ മെസ്സേജ് എന്നിവയിലും എഴുതി വരുന്നു. എഴുതിയ പാട്ടുകളിൽ രണ്ടെണ്ണം സിനിമ പിന്നണി ഗായകരായ അഫ്സലും സച്ചിൻ വാര്യറും ആണ് പാടിയിരിക്കുന്നത്. തൃശ്ശൂർ കിഴക്കേ കോട്ട സ്വദേശിയാണ്.
മാതാ പിതാക്കൾ,ഭാര്യ ഗ്രീഷ്മ മകൻ കെസ്റ്റർ എന്നിവരുടെ പരിപൂർണ്ണ പ്രോത്സാഹനമാണ് തന്റെ വിജയം എന്ന് ഡെന്നി പറയുന്നു.
എന്താണ് നുറുങ്ങുകളോട് പ്രിയം എന്ന ചോദ്യത്തിന് ഇന്നത്തെ തലമുറയ്ക്ക് വേഗത കൂടുതലാണെന്നും
സമയം കുറവാണെന്നും ആയതിനാൽ ചെറു കുറിപ്പുകൾക്ക്
വളരെ സാധ്യതആണെന്നും ഡെന്നി പറഞ്ഞു.
തുടക്കകാലങ്ങളിൽ ഡെന്നി ഡൊമിനിക് എം എന്ന പേരിലാണ് എഴുതിയിരുന്നതെങ്കിലും പിന്നീട് ഒരു തൂലികാനാമം വേണമെന്ന് ആഗ്രഹമാണ് ഡിഡിഎം ചിന്തകൾ എന്ന ആശയത്തിൽ എത്തിച്ചേർന്നത്.
DDM ചിന്തകളിൽ നിന്നും ചിലത് :
കിനാവ് കണ്ട ആഗ്രഹങ്ങൾക്കെല്ലാം എന്നും മോഹവിലയാണ്.
*വലിയ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നതോടൊപ്പം ചെറിയ കാര്യങ്ങൾ ഭംഗിയായി സന്തോഷത്തോടെ ചെയ്യാൻ ശ്രമിക്കാം. വിജയങ്ങളുടെ കൊടുമുടിയിൽ നിലയുറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും വിജയത്തിലേക്കുള്ള വഴി അന്വേഷിച്ച് ആളുകൾ നിന്നെ തേടിയെത്തും.....
* മുമ്പില്ലെത്തുന്നവരിലെ നല്ലത് മാത്രമായിരിക്കട്ടെ എന്നും കണി.
* എല്ലാം തികഞ്ഞവരാണെന്നും എന്റെ ഭാഗത്താണ് ശരിയെന്നും തോന്നുന്നത് എതിർഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ ചിലപ്പോഴെങ്കിലും തെറ്റിപ്പോകാറുണ്ട്.
* ഏതെങ്കിലും ഒരു കാര്യത്തെ, കുറച്ചു ദിവസത്തേക്ക് മാറ്റി നിർത്തൂ.ആ കാര്യം നിങ്ങളെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് അപ്പോൾ മനസ്സിലാകും
നല്ലശീലമായാലും ദുശീലമായാലും...
* സന്തോഷനിമിഷങ്ങൾക്ക് മാത്രമല്ല അതിഥിയായെത്തുന്ന പ്രശ്നങ്ങൾക്കും നമ്മളോട് പറയാനുണ്ട് ഒരുപാട്. പറയുന്നത് കേൾക്കാൻ തയ്യാറാകാതെ നടന്നകലുന്നവരാണ് നമ്മളിൽ അധികവും.
* മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന രഹസ്യങ്ങളുടെ താക്കോൽ എവിടെയെന്ന് അറിയാവുന്നത് രണ്ടു കൂട്ടർക്കാണ്....
ഓർമ്മയ്ക്കും.... മറവിയ്ക്കും...
* വെയിലെത്ര കൊണ്ടാലും കുട നമുക്ക് തരുന്നത് തണൽ മാത്രമാണ്. തണലായി നിന്നവരെ വെയിലത്ത് നിർത്താതിരിക്കാം.
* വേദനിപ്പിച്ചവരുണ്ടായിരിക്കാം.... വേദനിപ്പിക്കുന്നവരാകാതിരിക്കാം.....
* ഒരു കൈക്കുഞ്ഞിൽ നിന്ന് വളർന്നതാണ് ഇന്നു കാണുന്ന നമ്മൾ.നിസ്സഹായതയുടെ കൊടുമുടികൾ കയറേണ്ടി വരുമ്പോൾ കൈകാലുകളിട്ടടിച്ച് കരയുന്ന ഒരു കുഞ്ഞായി മാറുകയാണ് നാം വീണ്ടും..
* കാഴ്ചയുണ്ടായിട്ടും പലപ്പോഴും കാഴ്ചക്കാരായി നിൽക്കാനെ കഴിഞ്ഞിട്ടുള്ളു.
* തോറ്റുപോയി എന്നതുകൊണ്ട് ഒന്നും അവസാനിപ്പിക്കരുത്. കാരണം തോൽവി ഒന്നിൻ്റെയും അവസാനമല്ല.
* നേടിയതിലധികവും ദാനമായി കിട്ടിയവയാണ്. ഈ ജീവിതം പോലും...